വിക്കിപീഡിയയിൽ കയറി അതുമിതും വാങ്ങാൻ ഇവിടെ കയറുക

Search results

Sunday, October 6, 2013

നിരാശാഭരിതമായ ഡെൽഹി

2013 തുടക്കത്തില്‍ വടക്കേ ഇന്ത്യയിലെ മധ്യപ്രദേശിലെയും ചില സ്ഥലങ്ങളില്‍ നടത്തിയ യാത്രയുടെ ഓര്‍മപുതുക്കല്‍. ആദ്യ മൂന്ന് ഭാഗങ്ങള്‍ വായിക്കാന്‍ താഴെക്കാണിച്ച ഇടങ്ങളില്‍ ചെല്ലുക.

1) വടക്കോട്ടൊരു യാത്ര 
2) കൊട്ടാരവും കോട്ടയും മറ്റു ചിലരും 
3) രാജസ്ഥാനിലെ ഒരു വെയിൽ നേരം  


ഉദയ്‌പൂരിൽ നിന്നുള്ള യാത്രയ്ക്കൊടുവിൽ ഒരു തിങ്കളാഴ്ച രാവിലെ ന്യൂഡൽഹി റയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങിയപ്പോൾ ഞങ്ങളുടെ സംഘത്തിലെ മൂന്നുപേരും ശരിക്കുറക്കം കിട്ടാത്ത അവസ്ഥയിലായിരുന്നു. കാരണം കൂർക്കംവലി. കുടവയറന്മാരും മധ്യവയസ്കരുമായ രണ്ട് സഹയാത്രികർ കൂർക്കംവലികൊണ്ട് ഒരു രാത്രി മുഴുവൻ ഉഴുതുമറിച്ചുകളഞ്ഞിരുന്നു. ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ നിയന്ത്രണംവിട്ട് ഒരാൾ അവരെ കഠിനമായി ചീത്തപറയുക കൂടി ചെയ്തു. പക്ഷേ സുഖകരമായി ഉറങ്ങുന്ന ആ മാന്യദേഹങ്ങൾ ഇടയിലേതോ സ്റ്റേഷനിൽ നിന്ന് കയറി ശബ്ദമുണ്ടാക്കിയ വിദ്യാർഥികളെ ഉറക്കം നഷ്ടപ്പെടുത്തിയതിന് ശാസിക്കുന്നതിനൊഴികെ മറ്റൊരു കാര്യത്തിനും കൂർക്കംവലിക്ക് ഒഴിവു നൽകിയില്ലെന്നു മാത്രം. നാലു ബർതുകളിൽ ഒരെണ്ണം മറ്റുള്ളവയിൽ നിന്നും അല്പം മാറിയിട്ടായിരുന്നു. അവിടെക്കിടന്ന് ശരിക്കുറങ്ങിയ ഞാൻ ഇക്കഥയൊക്കെ അറിഞ്ഞത് രാവിലെയാണ്.



തലേദിവസം രാത്രി മേവാഡ് എക്സ്‌പ്രസ്സിൽ കയറിച്ചെന്നപ്പോൾ മുതൽ ഓരോരോ അബദ്ധങ്ങൾ പിന്നാലെയെത്തിത്തുടങ്ങിയിരുന്നു. യാത്ര തുടങ്ങും മുമ്പാണ് ആദ്യത്തെ തലവേദന എത്തിയത്. ട്രെയിനിൽ ഡൈനിങ് കാർ ഇല്ല. രാത്രി ഭക്ഷണം കിട്ടാൻ വളരെ ഞെരുക്കമെന്നു ചുരുക്കം. ഭാഗ്യത്തിന് കമ്പാർട്മെന്റിൽ ഉണ്ടായിരുന്ന ഒരാൾ, കോൺഫറൻസിനു ശേഷം മടങ്ങുന്ന ഉന്നതനായ ഏതോ ഉദ്യോഗസ്ഥനാണ്, തന്റെ യാത്രാ സംഘത്തിനു വേണ്ടി എത്തിച്ച ഭക്ഷണത്തിൽ ബാക്കിയായ മൂന്നുപാക്കറ്റ് ഞങ്ങൾക്ക് തന്ന് സഹായിച്ചു. ചപ്പാത്തിയും കറികളും മധുരവുമടങ്ങിയ ഒന്നാംകിട ഭക്ഷണം. അന്നത്തെ നടത്തത്തിന്റെയും യാത്രയുടെയും ക്ഷീണം കാരണമാവണം, കുട്ടി അപ്പോഴേയ്ക്കും ഉറക്കത്തിലായിരുന്നു. രണ്ട് പാക്കറ്റ് ഭക്ഷണം പങ്കിട്ട് കഴിച്ച ശേഷം ഡോറരികിൽ ചെന്നപ്പോൾ അവിടെ ഫ്രെൻസുകാരായ ഏതാനും സഞ്ചാരികൾ. അവരോട് പരിമിതമായ ഭാഷയുപയോഗിച്ച് കൊച്ചുവർത്തമാനം. സരിതയും വിനോദും സഹയാത്രികരുമായി ഗൗരവമേറിയ ചർച്ചയിലാണ്. വിഷയം അക്ഷർധാം ക്ഷേത്രത്തിന്റെ തിങ്കളാഴ്ചനൊയമ്പ്.  തിങ്കളാഴ്ചകളിൽ അവിടെ സന്ദർശകരെ അനുവദിക്കില്ലത്രെ.  ഞങ്ങളുടെ ദൽഹി കാഴ്ചകളിൽ നിന്നും പ്രശസ്തമായ ആ വിനോദസഞ്ചാരകേന്ദ്രം അപ്രത്യക്ഷമായെന്നു ചുരുക്കം.

അണ്ടർഗ്രൗണ്ട് നടപ്പാത

അത്ര മനോഹരമായ ഒരു ദൽഹിയിലേയ്ക്കല്ല ഞങ്ങൾ ചെന്നിറങ്ങിയതും. കംഫർട്ട് സ്റ്റേഷനു മുന്നിൽ  കലങ്ങിയ വയറും കഴുകാത്ത വായുമായി * കൂടിനിൽക്കുന്ന ആൾക്കൂട്ടം. സ്റ്റേഷന്റെ പുറത്തുള്ള വി.ഐ.പി. ടോയ്‌ലറ്റിന്റെ സ്ഥിതി കേരളത്തിലെ ബസ്‌സ്റ്റാന്റുകളിലെ പൊതുകക്കൂസുകളേക്കാൾ കഷ്ടം. നഗരപ്രദക്ഷിണത്തിനായി ഏല്പിച്ച വാഹനത്തിൽ കയറി മനസ്സില്ലാമനസ്സോടെയാണെങ്കിലും ഒരു ഹോട്ടലിലെത്തി റൂമെടുത്ത് കുളിയും മറ്റും കഴിക്കാമെന്നു വച്ചപ്പോൾ ഹോട്ടൽമുറിക്ക് മുടിഞ്ഞ വാടക. കാൽനടക്കാർക്കുള്ള അണ്ടർഗ്രൗണ്ട് പാസേജ് രാവിലെത്തന്നെ തെരുവുകച്ചവടക്കാർ കയ്യടക്കിയിരിക്കുന്നു സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായിട്ടാവണം, ഐഡന്റിറ്റി കാർഡുകൾ കാണിക്കാതെ ഇവിടെ ഹോട്ടലിൽ മുറി ലഭിക്കില്ലെന്നു തോന്നി. കുറേ നേരം അലഞ്ഞുതിരിഞ്ഞതിനു ശേഷം ഒരു മണിക്കൂർ നേരം മാത്രം ചെലവാക്കാൻ വേണ്ടി എഴുനൂറുരൂപയോളം എണ്ണിക്കൊടുത്ത് ഹോട്ടൽ റൂമെടുത്ത് കുളിച്ചൊരുങ്ങിവന്നപ്പോഴേക്കും നേരം ഒമ്പതുമണി. തെരുവുകളിൽ ചപ്പാത്തിവിൽപ്പനക്കാരുടെ ഉന്തുവണ്ടിക്കുചുറ്റും കൂടിനിൽക്കുന്ന ആൾക്കൂട്ടം.  ആ തിരക്കിനിടയിൽ കൂടി മോഡേൺ വേഷങ്ങളണിഞ്ഞ വിദ്യാർഥിനികളെ കയറ്റിക്കൊണ്ട് വലിഞ്ഞുവലിഞ്ഞ് നീങ്ങുന്ന സൈക്കിൾ റിക്ഷകളും. പുതുപുത്തൻ വാഹനങ്ങളുടെയും ബോണറ്റോ ബമ്പറോ പിൻപുറമോ ഒക്കെ ചളുങ്ങിയിരിക്കുന്നത് വ്യക്തമായി കാണാം. 


ദൽഹിയാത്രയുടെ ഔദ്യോഗികമായ തുടക്കം ബിർളാമന്ദിർ എന്നു പ്രസിദ്ധമായ  ലക്ഷ്മീനാരായണക്ഷേത്രത്തിലേയ്ക്കുള്ള  ഒരു മിന്നൽസന്ദർശനത്തിലൂടെയായിരുന്നു. അലങ്കാരങ്ങളും നിറപ്പകിട്ടുകളും കൊണ്ട് സമൃദ്ധമായ ഈ ക്ഷേത്രം ക്ഷേത്രത്തിലുപരി ഒരു നാട്യശാലയെയാണ് ഓർമിപ്പിച്ചത്. പക്ഷേ നിറപ്പകിട്ടുള്ള പട്ടും പൊന്നും കൊണ്ട് അലങ്കരിച്ച ശ്രീകോവിലിനു മുന്നിൽ തികഞ്ഞ ഭക്തിയോടെയാണ് ഒട്ടുമിക്ക സന്ദർശകരും. 1933 ൽ പണി കഴിപ്പിച്ച ഈ ക്ഷേത്രത്തിന് പറയത്തക്ക ഗാംഭീര്യമൊന്നുമുള്ളതായി എനിക്കു തോന്നിയില്ല. അടുത്തതായി എങ്ങോട്ട് പോവണമെന്ന് ക്ഷേത്രത്തിൽ നിന്നു തിരിച്ചിറങ്ങുമ്പോൾ ഞങ്ങൾ ചർച്ച ചെയ്തു. രാജ്ഘട്ട് അടക്കമുള്ള സമാധി സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് ഞാനും ആശയും ആദ്യമേ തീരുമാനിച്ചിരുന്നു. പകരം നാഷണൽ റെയിൽ മ്യൂസിയത്തിലേയ്ക്ക് ഒരു യാത്രയാവാം. പക്ഷേ കഷ്ടകാലം. ദൽഹിയിലെ മിക്ക മ്യൂസിയങ്ങൾക്കും തിങ്കളാഴ്ച അവധി. ആദ്യം അക്ഷർധാം, പിന്നാലെ മ്യൂസിയങ്ങൾ.






ഈ നേരത്തിനിടയ്ക്ക് ഞങ്ങൾ ജന്തർമന്ദറിന്റെ മുമ്പിൽ എത്തിയിരുന്നു. മുഗൾ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം 1724ൽ ജയ്‌പൂർ മഹാരാജാവ് നിർമിച്ച സ്തൂപങ്ങളാണിവിടത്തെ പ്രധാന ആകർഷണം. സമയത്തിന്റെ കൃത്യമായ കണക്കുകൂട്ടലിനാവശ്യമായ യന്ത്രങ്ങളാണ് ഈ സ്തൂപങ്ങൾ. ഒറ്റനോട്ടത്തിൽ മനസ്സിലാവാത്ത കാര്യങ്ങളായതിനാൽ അവയുടെ സാങ്കേതികത ശ്രദ്ധിക്കാൻ ഞാൻ നിന്നില്ല. ഒരു തണുത്ത തിങ്കളാഴ്ച രാവിലെയായതിനാലാവണം ജനത്തിരക്കില്ലാത്തത്. അതോ മെഴുകുതിരി കത്തിക്കാറായാൽ മാത്രമേ ഈ സ്ഥലം നിറയൂ എന്നുണ്ടോ ആവോ ? ദൽഹിയിലെ വലിയൊരു പാർക്കായി ഇതിനെ വിശേഷിപ്പിക്കാമെന്ന് എനിക്ക് തോന്നി. അവിടവിടെ ഒറ്റയ്ക്കും തെറ്റയ്ക്കും നടക്കുന്ന ചെറുപ്പക്കാരെ കാണാം. നടന്നു നടന്ന് ഓരോ സ്തൂപങ്ങളുടെ മുകളിലായി കയറി നോക്കിയും പാളിനോക്കിയും പടം പിടിച്ചും ഒഴിഞ്ഞ ഒരിടത്ത് കയറിയപ്പോൾ ഒരു പയ്യൻ തന്റെ കൂടെയുള്ള പെൺകുട്ടിയുടെ കണങ്കയ്യിൽ ചിത്രരചന നടത്തുന്നതു കണ്ടു. ഞങ്ങളെ കണ്ടപ്പോൾ അനിഷ്ടത്തോടെ ഒന്നുനോക്കിയ ശേഷം ആർടിസ്റ്റും ക്യാൻവാസും അവരുടെ ജോലി തുടർന്നു, ദോ നമ്പർ കാ കാം എന്താണെന്ന് കുട്ടിക്ക് വിശദീകരിച്ചുകൊടുത്ത സർദാർ ഇവരെ കണ്ടാൽ എന്തുപറയുമായിരുന്നു എന്ന് ഞാൻ ചിരിയോടെ ഓർത്തു.


പ്രശസ്തമായ കുതബ് മിനാരം ഉൾപ്പെടുന്ന കുതബ് കോംപ്ലക്സിലേയ്ക്കാണ് അടുത്തതായി ഞങ്ങൾ ചെന്നത്. ചുവന്ന പാറക്കല്ലുകളും മാർബിളൂം കൊണ്ട് നിർമിച്ച ഈ ഗോപുരം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗോപുരമാണ്.വടക്കേ ഇന്ത്യയിലെ ഹിന്ദു രാജവംശങ്ങളുടെ അന്ത്യം കുറിച്ച് ഘോറിയിലെ മുഹമ്മദ് പൃഥ്വിരാജ്  ചൗഹാനെ കീഴ്പ്പെടുത്തിയതിനു ശേഷം മുഹമ്മദിന്റെ വൈസ്രോയിയും അടിമവംശത്തിലെ ആദ്യ സുൽത്താനുമായ കുത്ബുദ്ദീൻ ഐബക് നിർമാണം തുടങ്ങിവച്ച ഈ ഗോപുരത്തിൽ ഇൽതുമിഷും തുഗ്ലക്കും പലപ്പോഴായി പങ്കെടുത്തു.  അടിഭാഗത്ത് അറബിലിപിയിൽ എന്തൊക്കെയോ രേഖപ്പെടുത്തിയിരിക്കുന്നു. നിരവധി വിദേശസന്ദർശകർ കുതബ് മിനാറിൽ എത്തിയിരിക്കുന്നു.  









മുൻധാരണയിൽ നിന്ന് വിഭിന്നമായി ഉയർന്നു നിൽക്കുന്ന ഒരൊറ്റഗോപുരം മാത്രമല്ല ഇവിടെയുള്ളത്. ഒരിടത്ത് അലാവുദ്ദീൻ ഖിൽജി  ഭീമാകാരനായ മറ്റൊരു ഗോപുരം നിർമിക്കാനായി കെട്ടിയുയർത്തിയ ഒന്നാംനില.  ഇടനാഴികളും ചെറിയ പള്ളിയും ഖബറിടവും ഉൾക്കൊള്ളുന്നു ഈ സമുച്ചയത്തിൽ. ഉപേക്ഷിക്കപ്പെട്ടവയോ നശിച്ചവയോ ആയ ചില കമാനാവശിഷ്ടങ്ങളിൽ അമ്പലപ്രാവുകളും നാട്ടുതത്തകളൂം വിശ്രമിക്കുന്നു.









വിശപ്പ് സഹിക്കാവുന്നതിനപ്പുറമായപ്പോൾ ഊണുകഴിക്കണോ അതോ പട്ടികയിലെ അടുത്ത ഇനമായ ലോട്ടസ് ടെമ്പിൾ കൂടി കാണണോ എന്നൊരു സംശയം മനസ്സിലുദിച്ചു. ലോട്ടസ് ടെമ്പിൾ കൂടി കണ്ടിട്ടാവാം ഭക്ഷണമെന്ന് കരുതി അങ്ങോട്ട് ചെന്നപ്പോൾ ഞങ്ങളെ അടുത്ത ചൂതുവെപ്പിലും നിരാശരാക്കി താമരപ്പൂവിന്റെ ആകൃതിയിൽ നിർമിച്ച ആ ബഹായ്‌ക്ഷേത്രവും അടഞ്ഞുകിടന്നു. ക്ഷേത്രത്തിന്റെ വളപ്പിലേയ്ക്കു കൂടി പ്രവേശനം നിഷിദ്ധം. 


റോഡരികിൽ നടന്ന് ആ കെട്ടിടത്തിന്റെ ഒരു ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് ഒരു പൊരികടലക്കച്ചവടക്കാരൻ അയാളുടെ വണ്ടി പാതയോരത്ത് നിർത്തുന്നു. ഉപ്പും എരിവും ചേർത്ത് മൊരിച്ചെടുത്ത നിലക്കടലയും പട്ടാണിമണികളും വായിൽ വെള്ളമൂറിച്ചു. 


കിത്നാ ? പട്ടാണിക്കടല ചൂണ്ടി ഒരു ചോദ്യം. ബീസ് റുപയേ. മറുപടി. എങ്കിൽ ലിതും ലതും ഏക് ഏക് പാക്കറ്റ്. കടലവിൽപ്പനക്കാരനോട് കാര്യം പറയാനെങ്കിലും എന്റെ പരിമിതമായ ഹിന്ദി ഉപകരിക്കണം. ചുർമുരിയുടെയും കടലമണികളുടെയും എരിവുപുകയുന്ന നാവിനെ തണുപ്പിക്കാൻ തൊട്ടടുത്ത ഉന്തുവണ്ടിയിൽ കിട്ടും തണുപ്പിച്ച സർബത്ത്. വാങ്ങി ചുണ്ടോടടുപ്പിക്കുമ്പോൾത്തന്നെ നാരങ്ങയും ഐസ് കഷണങ്ങളും നാക്കിനെ തലോടുന്നു. ഇതേ വണ്ടിയിൽ നിന്നു തന്നെ ഇളംപച്ച നിറത്തിലുള്ള ചില ദ്രാവകങ്ങളും മറ്റും ചിലർ കുടിക്കുന്നത് കണ്ടു, എന്താണോ എന്തോ !!! കടലമണികളും സർബത്തും പുകയുന്ന ജഠരാഗ്നിയെ ഊതിക്കത്തിക്കാനേ ഉപകരിച്ചുള്ളൂ. 


നാലുപാടും നോക്കിയപ്പോൾ ലോട്ടസ് ടെമ്പിളിന്റെ എതിരെ ഏതാനും ചെറിയ തട്ടുകടകൾ കണ്ടു. ഇവയെ തന്നെയാവണം ഡാബയെന്ന് വിളിക്കുന്നത്.  ഓടയുടെ ഗന്ധം അസഹനീയമായിത്തോന്നിയ ആദ്യത്തെ കട കയ്യൊഴിഞ്ഞ് രണ്ടാമത്തെ കടയ്ക്കുമുന്നിലെ മേശകൾക് അരികിലെ കസേലകളിൽ ഞങ്ങൾ ഇടം പിടിച്ചു. ചോലേ ബട്ടൂര. ഞങ്ങൾ പറഞ്ഞു. രണ്ട് ബട്ടൂരയും മസാലയിട്ട കടലക്കറിയും അരിഞ്ഞിട്ട സവാളയല്ലികളും. ഒന്നിലധികം പ്ലേറ്റുകൾ സ്വാദോടെ കഴിച്ചുതീർത്ത ശേഷം കാണാൻ ഇനിയെന്ത് എന്ന് ഞങ്ങൾ ആലോചിക്കാൻ തുടങ്ങി.

ദൽഹിയിൽ ഒരു തിബത്തൻ മ്യൂസിയമുണ്ട്. ദിലീപും കൂട്ടരുമൊത്ത് ബൈലക്കുപ്പയിലെ വലിയ തിബത്തൻ കേന്ദ്രങ്ങളിൽ പോയ ഓർമയാണ് എനിക്ക് തിബത്ത് എന്നു കേട്ടപ്പോൾ ഓർമവന്നത്. ഭീമാകാരമായ വിഗ്രഹങ്ങളും ചിത്രങ്ങളും പെരുമ്പറകളും ചേങ്ങിലകളും ഉള്ള ഒരു മ്യൂസിയമാവും അതെന്നെനിക്ക് തോന്നി. വഴി ഒട്ടേറെ തെറ്റിയും തിരിഞ്ഞുമാണ് ഞങ്ങളവിടെ എത്തിയത്. ഞങ്ങളുടെ ടാക്സി ഡ്രൈവർ ഇതിനകം ഒരുപാട് തവണ ഞങ്ങളെ വട്ടംചുറ്റിച്ചു കഴിഞ്ഞു. ഇയാളൊരു സ്ഥിരം ഡ്രൈവറല്ലെന്ന് തോന്നുന്നു. ഇവിടെ ഡൽഹിയിൽ ഞങ്ങളെ സംബന്ധിച്ച് ഒന്നും ശരിയാവുന്നില്ല. ഒരു ബഹുനിലക്കെട്ടിടത്തിലായിരുന്നു മ്യൂസിയം പ്രവർതിച്ചിരുന്നത്. ടിക്കറ്റ് രണ്ടു മണിക്ക് മാത്രമേ ലഭിക്കൂ എന്ന് പറഞ്ഞത് കൊണ്ട് അൽപനേരം കാത്തിരിക്കേണ്ടിയും വന്നു. എന്നെ വളരെയധികം നിരാശനാക്കും വിധം പത്തുമുപ്പത് തങ്ക പെയ്ന്റിങ്ങുകളും ഏതാനും തിബത്തൻ കരകൗശലവസ്തുക്കളും മാത്രം പ്രദർശിപ്പിച്ച മൂന്നാം കിട മ്യൂസിയങ്ങളിൽ ഒന്നായിരുന്നു അത്. ഈ സ്ഥലം ഒട്ടും താല്പര്യമില്ലാത്ത സഹയാത്രികരെക്കൂടി ഇങ്ങോട്ട് വലിച്ചിഴച്ചതിൽ എനിക്ക് വിഷമം തോന്നി. അതിനിടയിലും താഴെ കൗണ്ടറിൽ റിസ്പഷനിസ്റ്റ് ആയ തിബത്തൻ യുവതിയോട് സംസാരിക്കാനും പെയ്ന്റിങ്ങുകളുടെ ഫോട്ടോ അച്ചടിച്ച ഏതെങ്കിലും ആൽബങ്ങൾ ഓർമക്കുറിപ്പായി വാങ്ങിക്കാനും ഞാൻ തീരുമാനിച്ചു. പക്ഷേ പുസ്തകങ്ങളുടെ വില കേട്ടാൽ നമ്മൾ തന്നെ ടിബറ്റിനെ ആക്രമിക്കുമെന്ന അവസ്ഥ. ഒടുവിൽ Compassion and Reincarnation in Tibetan Art എന്ന ഒരു പുസ്തകം ഞാൻ തെരഞ്ഞെടുത്തു. പത്തുപതിനഞ്ച്  ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളുള്ള ഈ പുസ്തകത്തിന്റെ വിലയും കുറവായിരുന്നു. ഇളം മഞ്ഞ മുഖവും കറുത്ത ഓവർക്കോട്ടും തെളീഞ്ഞ ചിരിയുമുള്ള ആ സുമി മൊങ്ഗേറിനോട് യാത്ര പറയാൻ ഞാൻ പിന്നൊട്ടും വൈകിയില്ല

വിജനമായ ഇന്ത്യാഗേറ്റ് 

ഞങ്ങളുടെ ദൽഹി കാഴ്ചകളിൽ രണ്ടെണ്ണം മാത്രമേ ഇനി ബാക്കിയുണ്ടായിരുന്നുള്ളൂ. അതിൽ ആദ്യത്തെ ലക്ഷ്യമായ മൃഗശാലയിലെത്തിയപ്പോൾ സമയം മൂന്നുമണി. അങ്ങോട്ട് പോവുന്ന വഴിയിൽ പ്രശസ്തമായ ഇന്ത്യാഗേറ്റ്. അവിടെച്ചെന്ന് അതുകാണണമെന്ന് എനിക്ക് വലിയ ആഗ്രഹമൊന്നും തോന്നിയില്ല. അതു നന്നായി. ആ നിരാശകൂടി താങ്ങേണ്ടി വന്നില്ല. വണ്ടി നിർത്തി പോലീസിനോട് അന്വേഷിച്ചപ്പോൾ അറിഞ്ഞു. സുരക്ഷാപ്രശ്നങ്ങളുടെ ഭാഗമായി അതിന്റെ അടുത്തേയ്ക്കുപോലും ആരെയും കയറ്റി വിടുന്നില്ല. ഒരു ഫോട്ടോ എടുത്തോട്ടേ എന്നായി ഞാൻ. ഫോട്ടോ എടുത്തുകൊള്ളാൻ പോലീസ് സമ്മതിച്ചപ്പോൾ അവരോട് നന്ദി പറഞ്ഞ് ഒന്നുരണ്ടു തവണ ക്യാമറ ഉപയോഗിച്ചു. ഒരുപാട് യാത്രികർ ഇന്ത്യാഗേറ്റ് കാണാനായി വരുന്നുണ്ടെന്നും അവരെയെല്ലാം നിരാശരാക്കി വിടുന്നത് വിഷമിപ്പിക്കുന്ന പണിയാണെന്നും പോലീസുകാരൻ കൂട്ടിച്ചേർത്തു. മൃഗശാലയിലെത്തിയപ്പോൾ ഭാഗ്യം. ഈ സ്ഥലത്തിനിന്ന് അവധിയില്ല. ടിക്കറ്റെടുത്ത് അകത്തേക്ക് കടന്നതും അടുത്ത തമാശ. കുത്തബ് മിനാറിനു ശേഷം ഇനി നടക്കാൻ വയ്യെന്ന് പറഞ്ഞ് മുനിഞ്ഞിരുന്ന നാലുവയസ്സുകാരൻ നടത്തത്തിൽ മറ്റുള്ളവരേക്കാൾ മുന്നിൽ. സമാധികളിലും സ്മാരകങ്ങളിലും കുട്ടികൾക്കെന്ത് താല്പര്യം ? അവർക്ക് രസകരമാവാൻ കളിയിടങ്ങളും മൃഗശാലകളും കാർടൂണുകളും വേണം. അത്  ഞാൻ ഇനി ഒരു യാത്രയിലും മറക്കുകയില്ല.


വിയർപ്പിന്റെ അസുഖമുള്ളവർക്കായി മൃഗശാലയ്ക്കുള്ളിൽത്തന്നെ റിക്ഷകൾ ഓടുന്നുണ്ട്. മൂന്നോ നാലോ വരി ബെഞ്ചുകൾ ഘടിപ്പച്ച നാൽച്ചക്രവാഹനങ്ങൾ മെല്ലെ മെല്ലെ സഞ്ചരിക്കുകയും നിശ്ചിതസമയം സഞ്ചാരികൾക്ക് കൂടുകൾ സന്ദർശിക്കാനായി അനുവദിക്കുകയും ചെയ്യുന്നു. അതിനുള്ള ടിക്കറ്റ് കൂടി എടുക്കാമായിരുന്നെന്ന് ഞങ്ങൾക്ക് തോന്നി. സത്യത്തിൽ മൃഗശാലയിൽ നടന്നുകാണാൻ ഒരുപാടുണ്ടായിരുന്നു. കുട്ടിക്ക് മാത്രം നടത്തത്തിന്റെ ക്ഷീണമൊന്നും കണ്ടില്ല. കുരങ്ങന്മാർ, മാനുകൾ, അതാ വേറെ മാനുകൾ, കൊറ്റി കൊറ്റി. ഓരോ കൂട്ടിനടുത്തെത്തുമ്പോഴും അവൻ സന്തോഷത്തോടെ ആർത്തുവിളിച്ചു. മൃഗശാലയുടെ തുടക്കത്തിലുള്ള നീർപ്പക്ഷികളുടെ സങ്കേതമാണ് എന്നെ ഏറ്റവും ആകർഷിച്ചത്. വേലിക്കെട്ടുകളോ നിയന്ത്രണങ്ങളോ ഇല്ലാതെ സ്വാഭാവികമായ ഒരു പരിതസ്ഥിതി ഒരുക്കി അവിടെ വമ്പൻ കൊറ്റികൾ അടക്കമുള്ള പക്ഷികളെ അധിവസിപ്പിച്ചിരിക്കുന്നു. അതേ സമയം പറന്നുപോകുന്ന കാട്ടുപക്ഷികളെ മൃഗശാലയുടെ മറ്റുഭാഗങ്ങളിലായി കൂട്ടിനകത്തുതന്നെ ഇട്ടിരിക്കുകയാണ്. മൃഗശാകയ്കകത്തെ മരച്ചില്ലകളിൽ സ്വതന്ത്രരായി പറന്നുകളിക്കുന്ന നാട്ടുമൈനകൾ കലപില ബഹളം കൂട്ടുമ്പോൾ കൂട്ടിനകത്തുള്ള രണ്ട് നാട്ടുമൈനകളും അവയോടൊപ്പം ചേരുന്നത് വിഷമിപിക്കുന്ന കാഴ്ചയായിരുന്നു. 










കാട്ടുപോത്തുകൾ, ഹിപ്പോ, കാണ്ടാമൃഗം, ചിമ്പാൻസി, ആനകൾ,  എന്നിങ്ങനെ കുട്ടിയെ രസിപ്പിക്കുന്ന ഒരുപാട് കാഴ്ചകൾ. സിംഹക്കൂടിനടുത്ത് കൂടി നിൽക്കുകയാണ് ഒരുപാടുപേർ. പതിവുപോലെ സിംഹത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങൾ. പലതരം മാനുകളെയും ജാഗ്വാർ, വെള്ളക്കടുവ, പുള്ളിപ്പുലി എന്നിങ്ങനെയുള്ള മാംസഭോജികളും ഇവിടെ കാണാം. വൈകുന്നേരം ഭക്ഷണം കൊടുക്കുന്ന സമയമായതിനാൽ വലിയ പൂച്ചകളൊക്കെ തന്റെ കൂടുകളിലേയ്ക്ക് ഒതുങ്ങാനുള്ള ധൃതിയിലാണ്. നടന്നുനടന്ന് എല്ലാവർക്കും മടുത്തുതുടങ്ങി.  ആദ്യത്തെ ആവേശം കഴിഞ്ഞ കുട്ടിയടക്കം ഇനി നടക്കാൻ വയ്യെന്ന മട്ടിലായി. എനിക്ക് മുഴുവൻ നടന്നുകാണണമെന്ന വാശി. ഒരിടത്തെത്തിയപ്പോൾ അവിടെ ഗിബ്ബണിന്റെ മനോഹാമായ ജിംനാസ്റ്റിക് പ്രകടനം. അല്പനേരം അതുകണ്ട് നിന്ന ശേഷം ഞാൻ വേഗം തിരിച്ചുപോയി കുട്ടിയേയും കൂട്ടി ആ കൂടിന്റെ അടുത്തെത്തിയപ്പോഴേക്കും ഗിബ്ബൺ വിശ്രമിക്കാൻ പോയിരുന്നു.


ഇന്നത്തെ അവസാനത്തെ യാത്ര ഹുമയൂണിന്റെ ശവകുടീരം കാണാനായിരുന്നു. ഒന്നിനുപിറകേ ഒന്നായി മൂന്നുകവാടങ്ങൾ കടന്നുകൊണ്ടാണ് ആ മാളികയിലേയ്ക്ക് നമ്മൾ എത്തുന്നത്.







പച്ചപ്പ് നിറഞ്ഞ പൂന്തോട്ടവും ചെമപ്പിൽ കുളിച്ച കെട്ടിടങ്ങളും. വഴിത്താരയുടെ ചെഞ്ചുവപ്പ് സൂര്യന്റെ അസ്തമയത്തിളക്കത്തിൽ ഇരട്ടിച്ചതുപോലെ തോന്നി. ദൽഹിയിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച ഈ ശവകുടീരമായിരുന്നു. ചെമന്ന പാറക്കല്ലിൽ കെട്ടിയുയർത്തിയ ആ സൗധം താജ്‌മഹാളിനേക്കാളും മനോഹരമാണ്. (ഓഫ്; ഹുമയൂണിന്റെ ശവകുടീരത്തെപ്പറ്റി ഷിബു തോവാള എഴുതിയ മനോഹരമായ രണ്ട് യാത്രാവിവരണങ്ങൾ  http://vazhikazhcha.blogspot.in/2011/07/blog-post.html ബ്ലോഗിലുണ്ട്.). 




വടക്കേ ഇന്ത്യൻ ചരിത്രസ്മാരകങ്ങളിലെ വെണ്ണക്കൽ ശവക്കല്ലറകൾ വെറും ശില്പങ്ങൾ മാത്രമാണ്. യഥാർഥ കല്ലറകൾ ഈ ശവക്കല്ലറകൾക്ക് അടിയിൽ മറ്റൊരിടത്തണ്. ആറുമണിയോടെ ഇവിടേയ്ക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നു. സന്ദർശകർ മിക്കവാറും ഒഴിഞ്ഞ മട്ടാണ്. ഞങ്ങളും തിരിച്ചുപോക്കിനൊരുങ്ങി. 

തിരിച്ചുപോക്കിനൊരുങ്ങി

കുട്ടി അവന്റെ കുട്ടിപ്പാട്ടുകളൊക്കെ പാടി വീണ്ടും നല്ല ഉഷാറായിരുന്നു. വഴിയേ നടന്നുപോവുകയായിരുന്ന ഒരു ജാപ്പനീസ് അമ്മൂമ്മയും ഇതു കേട്ട് പാട്ടും കളിയും തുടങ്ങി. അമ്മൂമ്മയ്ക്കും അപ്പൂപ്പനും ഇംഗ്ലീഷ്  ?? നോ ഇംഗ്ലീഷ്. എന്നിട്ട് എന്നോട് ജാപ്പനീസ് അറിയുമോന്ന് ആംഗ്യഭാഷയിൽ ഒരു ചോദ്യം. ദയനീയമായി ഞാൻ ഇല്ലെന്നു തലകുലുക്കി. ഒടുവിൽ എന്തെങ്കിലും ഒന്നു പറഞ്ഞ് മനസ്സലാക്കണമെന്ന വാശിയോടെ ഞാൻ ടോട്ടോച്ചാൻ, ടോട്ടോചാൻ, വെരി മച് ലൈക് ഇറ്റ് എന്നൊക്കെ പറയാൻ തുടങ്ങി. അല്പനേരം ശങ്കിച്ചു നിന്ന അമ്മൂമ്മ ഒരാർത്തുവിളിയോടെ ജനലും പിടിച്ചു നിൽക്കുന്ന ഒരു കുഞ്ഞുവാവയെപ്പറ്റി ആംഗ്യഭാഷയിൽ വരച്ചുകാണിച്ചു. എനിക്കും അവർക്കും സന്തോഷം.
സന്തോഷത്തോടെത്തന്നെ ഞാൻ ദൽഹിയോട് വിടപറഞ്ഞു.

പക്ഷികൾ ചേക്കയിരുന്നുകഴിഞ്ഞു. 


(അവസാനിക്കുന്നില്ല)



Sunday, September 22, 2013

രജപുത്രവീഥികൾ


2013 തുടക്കത്തില്‍ വടക്കേ ഇന്ത്യയിലെ മധ്യപ്രദേശിലെയും ചില സ്ഥലങ്ങളില്‍ നടത്തിയ യാത്രയുടെ ഓര്‍മപുതുക്കല്‍. ആദ്യ മൂന്ന് ഭാഗങ്ങള്‍ വായിക്കാന്‍ താഴെക്കാണിച്ച ഇടങ്ങളില്‍ ചെല്ലുക.

1) വടക്കോട്ടൊരു യാത്ര 
2) കൊട്ടാരവും കോട്ടയും മറ്റു ചിലരും 
3) രാജസ്ഥാനിലെ ഒരു വെയിൽ നേരം 

മേവാര്‍ പ്രദേശങ്ങൾ ഭരിച്ചിരുന്ന രജപുത്രരാജാവായ മഹാറാണാ ഉദയ്‌സിങ് പതിനാറാം നൂറ്റാണ്ടിലെപ്പോഴോ തന്റെ ആസ്ഥാനം ചിത്തോഡില്‍ നിന്നും ദൂരെയുള്ള ഉദയ്‌‌പൂരിലേയ്ക്ക് മാറ്റുവാന്‍ നിശ്ചയിച്ചു. മുഗളനായ അക്‌ബര്‍ ചിത്തോഡിനെ ആക്രമിച്ചിരുന്ന കാലമായിരുന്നു അത്.  അങ്ങനെ മലനിരകളുടെയും തടാകങ്ങളുടെയും കാടുകളുടെയും സുരക്ഷിതത്വത്തിൽ  ഉദയ്‌‌പൂർ ശിശോധിയ രജപുത്രരുടെ ആസ്ഥാനമായി മാറി.  ഇന്ന് ഉദയ്‌‌പൂരിലെത്തുന്ന ഓരോ സഞ്ചാരിയേയും ആകര്‍ഷിക്കുന്ന സിറ്റി പാലസിന്റെ നിര്‍മാണം 1559 ല്‍ റാണാ ഉദയ്‌സിങ് തന്നെയാണ് തുടങ്ങിയത്. ഉദയ്‌‌സിങിനെ തുടര്‍ന്ന് റാണാപ്രതാപ് ഭരണാധികാരിയായി. പിന്നീട് മൂന്നു നൂറ്റാണ്ടോളം സിറ്റി പാലസില്‍ നീണ്ടുനിന്ന വിപുലീകരണത്തിന്റെ ഫലം മാര്‍ബിളിൽ തീര്‍ത്ത ബൃഹത്തായ മനോഹാരിതയായിരുന്നു.

DSC01967

തട്ടുതട്ടായി കിടക്കുന്ന ഒരു പ്രതലത്തില്‍ പലനിലകളായി പടുത്തുയര്‍ത്തിയ ഒരു മനോഹര സൗധം. ഈ യാത്രയിൽ ഞങ്ങള്‍ ചെന്ന മറ്റിടങ്ങളെ അപേക്ഷിച്ച് ഈ കൊട്ടാരത്തിലേയ്ക്കുള്ള പ്രവേശനഫീസും കൂടുതലായിരുന്നു. കൂടാതെ കൊട്ടാരത്തിന്റെ ഒരു ഭാഗം ആഡംബര ഹോട്ടലുകളാണുതാനും. അവിടേയ്ക്ക് കയറണമെങ്കില്‍ ഇരട്ടിക്കാശ് വേറെക്കൊടുക്കണം. കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് തന്നെ ഒരോട്ടപ്രദക്ഷിണം നടത്താൻ തികയുന്ന സമയമേ ഞങ്ങളുടെ കയ്യിലുണ്ടായിരുന്നുള്ളൂ.കൂടാതെ ഇനിയും പല സ്ഥലങ്ങളും കാണാനുമുണ്ട്. ഇപ്പോള്‍ത്തന്നെ ഉച്ചയാവാറായിരിക്കുന്നു. അതുകൊണ്ട് തന്നെ ആഡംബരട്ടിക്കറ്റുകള്‍ എടുക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഞായറാഴ്ചയായതിനാല്‍ കൊട്ടാരത്തിലേയ്ക്കുള്ള വിദേശികളും സ്വദേശികളുമായ സന്ദര്‍ശകരുടെ എണ്ണം കൂടുതലായിരുന്നു. പ്രധാനമായും സ്കൂൾ വിദ്യാര്‍ഥികളുടെ സംഘങ്ങൾ ഒന്നിനു പിറകെ ഒന്നായി അകത്തു കടന്നുകൊണ്ടിരുന്നു. അത്തരത്തിലുള്ള ഒരു സംഘത്തിന്റെ ഇടയിൽപെട്ടാൽ ഇന്നത്തെ കാഴ്ച കുളമെന്നുറപ്പുള്ളതിനാൽ അവരിൽ നിന്ന് സമര്‍ഥമായി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച് പരാജയപ്പെട്ടും അതിനോടൊപ്പം തന്നെ കൊട്ടാരമ്യൂസിയത്തിലെ കാഴ്ചകള്‍ ക്യാമറയിലാക്കിയും സന്ദര്‍ശകരായെത്തിയ സുരസുന്ദരിമാരുടെ ചലിക്കുന്ന മനോഹാരിത മനസ്സിൽ കുറിച്ചിട്ടും കൂട്ടുകാരോടൊപ്പം ധൃതികൂട്ടിയുമുള്ള ഒരു നടത്തമായിരുന്നു കൊട്ടാരസന്ദർശനം

പൂര്‍ണമായും  മാര്‍ബിളിൽ തീര്‍ത്തതാണ് ഈ കൊട്ടാരമെന്ന് തോന്നുന്നു. മട്ടുപ്പാവുകളും അലങ്കാരപ്പണികളും ഇടനാഴികളും ചുവര്‍ച്ചിത്രങ്ങളും ഈ കൊട്ടാരത്തെ മനോഹരമാക്കുന്നുണ്ട് . പക്ഷേ എന്നെ ഏറ്റവും ആകര്‍ഷിച്ചത്  കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നിന്നുമുള്ള നഗരക്കാഴ്ചകളാണ്. ഗ്വാളിയോര്‍ കോട്ടയുടെ മുകളില്‍ നില്‍ക്കുമ്പോൾ നഗരക്കാഴ്ചകള്‍ക്ക് ഭംഗി പകരാൻ ഒരു തടാകം കൂടി വേണ്ടതായിരുന്നെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇന്നിവിടെ ഉദയ്‌‌പൂരിലെ കൊട്ടാരമുകളിൽ  നിന്ന് നോക്കുമ്പോള്‍ തടാകങ്ങളുടെയും അവയുടെ നടുക്കു നില്‍ക്കുന്ന കൊട്ടാരങ്ങളുടെയും സൗന്ദര്യം ഞാൻ നേരിട്ടുകണ്ടു. 



പക്ഷേ എല്ലാ ഭംഗികളും എല്ലാവര്‍ക്കും ആസ്വദിക്കാൻ കഴിയില്ലല്ലൊ. ദൂരെക്കാണുന്ന മനോഹരമായ ലേക് പാലസ് ഇന്നൊരു ആഡംബര ഹോട്ടലാണ്. തടാകത്തിന്റെ നടുവിൽ വെണ്ണക്കല്ലുകൊണ്ട് ഒരുക്കിയ അത്തരം ഭംഗികള്‍ ദൂരെനിന്ന് കണ്ട് കൊതി തീര്‍ക്കുക മാത്രമേ ഞങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ.  അന്തപ്പുരത്തിലെ രാജകുമാരിമാർക്കും വെപ്പാട്ടിമാർക്കും വേണ്ടി ഭരണാധികാരികൾ മെനഞ്ഞെടുത്ത ഒരു ഉദ്യാനത്തിലേയ്ക്ക് പക്ഷേ ഞങ്ങൾ പിന്നീട് ചെന്നു. കൊട്ടാരത്തിൽ നിന്നുമകലെയുള്ള സഹേലിയോം കി ബാരി എന്ന കന്യകമാരുടെ ഉദ്യാനം പച്ചപ്പ് നിറഞ്ഞതും മനോഹരവുമാണ്.അവിടത്തെ പുറം ചുവരുകളിൽ നിറപ്പകിട്ടുള്ള ചിത്രങ്ങൾ കാണാം. കൈ കൊട്ടുന്നതിനനുസരിച്ച് ജലധാര നിയന്ത്രിച്ച് അവിടത്തെ കാവൽക്കാർ വിദേശയാത്രികരെ അമ്പരപ്പിക്കുന്നത് കണ്ടു.

 ഉദ്യാനത്തിലെ കുളവും മണ്ഡപവും



മാര്‍ബിളിൽ കൊത്തുപണികള്‍ ചെയ്ത് നിറം പിടിപ്പിച്ച ജനാലകളില്‍ കൂടി തണുത്ത കാറ്റ് കൊട്ടാരത്തിലേയ്ക്ക് എത്തുന്നു. സൂര്യവംശികളാണെന്ന് അവകാശപ്പെടുന്ന മേവാര്‍ രാജാക്കന്മാര്‍ തങ്ങളുടെ രാജചിഹ്നം കൊട്ടാരത്തിലെങ്ങും അടയാളപ്പെടുത്തിയിട്ടുണ്ട്. നിറം പിടിപ്പിച്ച കണ്ണാടികളും വെണ്ണക്കല്‍ ജാളികളും കാണാം. ഇടയ്ക്കൊരിടത്ത് മേവാർ രജപുത്രരുടെ പൂജാസ്ഥലം കണ്ടു. ഏതൊരിന്ത്യന്‍ ക്ഷേത്രത്തിലുമുള്ളതുപോലെ അവിടെയും മൂന്നു തളികകള്‍ നിറയെ ചില്ലറയും നോട്ടുകളും. പടികള്‍ കയറുയും പടികൾ ഇറങ്ങുകയും ഇടനാഴികള്‍ പിന്നിടുകയും തുടർന്നപ്പോൾ കൊട്ടാരത്തിന്റെ മുകള്‍ത്തട്ടിലെത്തി. അവിടെ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു നടുമുറ്റമാണ്.  കൊട്ടാരത്തിലെ ചില ഭാഗങ്ങൾ ചിത്രങ്ങൾ നിറഞ്ഞവയാണ്. 





കൊട്ടാരത്തിൽ എന്നെ വളരെയധികം ആകർഷിച്ച സംഗതികളിലൊന്ന് അവിടത്തെ കുതിരലായമായിരുന്നു. ആളുയരം വരുന്ന പടുകൂറ്റന്മാരായ നാലു കുതിരകളായിരുന്നു അവിടെയുണ്ടായിരുന്നത്. കഴുത്തിലും കാലിലും വടം കൊണ്ട് ബന്ധിക്കപ്പെട്ട അവയുടെ ലാടം പതിച്ച കുളമ്പുകൾ ലായത്തിന്റെ നിലത്ത് പതിക്കുന്ന ശബ്ദം പോലും അത്ര സുഖകരമായിരുന്നില്ല. പാവപ്പെട്ട വണ്ടിക്കുതിരകളെ മാത്രം കണ്ട് പരിചയമുള്ള എനിക്ക് ചേതകിന്റെയും ബ്യൂസിഫാലയുടെയും പിന്മുറക്കാരായ ഈ കുതിരകൾ തികച്ചും അത്ഭുതമായി. ചാർലിമേന്റെ അനുചരനായ റിനാൾഡോയുടെ സ്വന്തമായിരുന്ന ശക്തിശാലിയായ കുതിര ബേയാർഡും അർഗേലിയയെ ഫെറോ വധിച്ചപ്പോൾ സ്വതന്ത്രനായ, പിന്നീട് ആദ്യം റിനാൾഡോയും തുടർന്ന് അസ്റ്റോൾഫോയും സ്വന്തമാക്കിയ , ബേയാർഡിനോളം ശക്തിയില്ലെങ്കിലും ബേയാർഡിനേക്കാൾ വേഗമേറിയ കറുത്ത കുതിരയായ റാബിക്കനും ത്രിഗർത്തന്മാരെ വിരാടസൈന്യം നേരിടുമ്പോൾ നകുലൻ തെരഞ്ഞെടുത്ത വേഗമേറിയ, പേരില്ലാത്ത ഒട്ടനവധി കുതിരകളും എന്റെ ഓർമയിലെത്തി. 



സിറ്റി പാലസില്‍ നിന്ന് ഇറങ്ങുമ്പോള്‍ വിശന്നുപൊരിയാൻ തുടങ്ങിയിരുന്നു പ്രശസ്തമായ രാജസ്ഥാനി ഥാലി കഴിക്കാൻ വേണ്ടി ഞങ്ങൾ ഭേദപ്പെട്ട ഒരു റസ്റ്റോറന്റില്‍ കയറിക്കൂടി. ഒരാള്‍ക്ക് ഒരു ഥാലി എന്ന് മത്തങ്ങാ വലുപ്പത്തിൽ അവിടെ എഴുതി വച്ചിട്ടുണ്ട്. പത്തുപന്ത്രണ്ട് തരം കറികളും മധുരവും തൈരും ചപ്പാത്തിയും ചോറുമടങ്ങുന്ന ഒരു പ്ലേറ്റിന് നൂറു രൂപയാണ് വില. കുട്ടികള്‍ക്ക് വേണ്ടിയാണെങ്കില്‍ എണ്‍പത് രൂപയും. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴും ഒന്നുരണ്ട് രാജസ്ഥാനി ചിത്രങ്ങള്‍ വാങ്ങണമെന്നുള്ള ചിന്ത എന്റെ മനസ്സിലുണ്ടായിരുന്നു. കഴിഞ്ഞ ജയ്‌‌പൂർ  യാത്രയ്ക്കിടയില്‍ വിനോദും സരിതയും തെരുവുവില്‍പ്പനക്കാരിൽ നിന്നും ചിത്രങ്ങള്‍ വാങ്ങിയത് പെട്ടെന്ന് ഓർത്തതാവാം കാരണം. അത്തരത്തിലുള്ള ഒരു കടയുടെ മുന്നിൽ വണ്ടി നിര്‍ത്താൻ ഞങ്ങള്‍ ഡ്രൈവറോട് പറഞ്ഞു. പക്ഷേ അയാള്‍ നിര്‍ത്തിത്തന്നത് വലിയൊരു രാജസ്ഥാനി ക്രാഫ്റ്റ് മ്യൂസിയത്തിന്റെയും വില്‍പനശാലയുടെയും മുന്നിലാണ്.

ഒരുപാട് ചിത്രങ്ങളും കരകൗശലവസ്തുക്കളും വസ്ത്രങ്ങളും വില്‍ക്കുന്ന ഒരിടമായിരുന്നു അത്. വിലയേറിയ ചിത്രങ്ങള്‍ ധാരാളമുണ്ട്. ഞാന്‍ ചിത്രങ്ങളുടെ പിന്നാലെ പോയപ്പോള്‍ മറ്റു മൂവരും നിറപ്പകിട്ടുള്ള തുണിത്തരങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ചു. കുട്ടി അവിടവിടെയായി ഓടി നടക്കുകയായിരുന്നു. ഏതെങ്കിലും വിലപിടിച്ച സ്ഥടികശില്‍പം ഓട്ടത്തിനിടയിൽ അവന്‍ തവിടുപൊടിയാക്കിയേക്കുമെന്ന് എനിക്ക് തോന്നി. സദാ പാന്‍മസാല ചവയ്ക്കുന്ന,  ബ്യൂറോക്രാറ്റിക് മുഖഭാവമുള്ള, മധ്യവയസ്കനായ  സെയില്‍സ് മാന്‍ നോ ബാര്‍ഗെയിന്‍, ഫിക്സഡ് പ്രൈസ് എന്ന് ആദ്യമേ പറഞ്ഞിരുന്നു. വിലപേശല്‍ വൈഭവം ഇവിടെ എടുക്കാത്ത ഒരു നാണയമാണ്. മനോഹരമായ പല വാട്ടര്‍ കളറുകളും ഞാനവിടെ കണ്ടു. പക്ഷേ കട്ടിക്കടലാസിൽ ചെയ്തിരിക്കുന്ന അവ എന്റെ പോക്കറ്റിനോ തുടര്‍ന്നുള്ള യാത്രയ്ക്കോ അനുയോജ്യമല്ല. ഒടുവില്‍ നീല നിറമുള്ള നേര്‍ത്ത തുണിത്തരത്തിൽ ഒട്ടകം, ആന, കുതിര എന്നിവയ്ക്കൊപ്പം സവാരി ചെയ്യുന്ന പുരുഷന്മാരുടെ ഒരു ചിത്രം ഞാന്‍ തെരഞ്ഞെടുത്തു.

എലിഫന്റ് ഫോര്‍ ലക്ക്, കേമല്‍ ഫോർ ലവ്, ഹോഴ്സ് ഫോർ പവർ 

പാന്‍മണക്കുന്ന ശബ്ദത്തില്‍ വില്‍പനക്കാരന്‍ പഠിച്ചുപഴകിയ ഏതൊക്കെയോ വാക്കുകള്‍ ചിതറിച്ചുകൊണ്ടിരുന്നു. മണ്ണാങ്കട്ട. ലക്കും ലവും. എനിക്കാവശ്യം സിംബോളിസമല്ല, ഭംഗിയുള്ള ഒരു ചിത്രം മാത്രമാണ് എന്ന് അയാളോട് പറയണമെന്ന് തോന്നി.

തെരുവുവില്‍പനക്കാരില്‍ നിന്ന് വിലപേശി ഒരു ചിത്രം വാങ്ങണമെന്ന ആഗ്രഹം പിന്നെയും ബാക്കിയായിരുന്നു. അവസാനം അത് സാധ്യമായത് ജഗദീഷ് ടെമ്പിളില്‍ നിന്നും തിരികെ വരുന്ന വഴിയ്ക്കാണ്. നഗരത്തില്‍ തന്നെയുള്ള ഒരു ലക്ഷ്മീനാരായണ ക്ഷേത്രമായിരുന്നു 1651 ല്‍ ഇന്തോ ആര്യൻ വാസ്തുശില്‍പരീതിയില്‍ നിര്‍മിച്ച ജഗദീഷ് ടെമ്പിൾ. മണ്ഡപങ്ങള്‍ കൊണ്ടും ചുവരിലെ ശില്‍പഭംഗി കൊണ്ടും അഴകുറ്റ ഒരു ക്ഷേത്രം. ക്ഷേത്രച്ചുമരുകളില്‍ ഒരുപാട് അമ്പലപ്രാവുകള്‍ തമ്പടിച്ചിരിക്കുന്നു. റോഡരികിൽ നിന്നും തുടങ്ങുന്ന ഉയർന്ന പടവുകൾ കയറിയെത്തുന്ന ക്ഷേത്രമുറ്റത്ത് ചെരിപ്പുകളഴിച്ചിട്ട് ആശയും സരിതയും അമ്പലത്തിലേയ്ക്ക് കയറി. ഗ്വാളിയറിലെ മേളസ്ഥലത്ത് നിന്ന് ആദായവിലയ്ക്ക് പേശിവാങ്ങിച്ച പുതിയ ഷൂസുകൾ അനാഥമാക്കി ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. അവർ തൊഴുതുവരുന്നതു വരെ ഞാനും മോനും ക്ഷേത്രച്ചുമരുകളിലെ ശില്‍പങ്ങള്‍ നോക്കിക്കൊണ്ടിരുന്നു. 

കൂർത്ത മേൽക്കൂരയുള്ള ഒരു ഉപദേവാലയം 

ഇരുനിലകളിലായുള്ള പ്രധാനക്ഷേത്രം

 പ്രധാനക്ഷേത്രവും മണ്ഡപവും

ക്ഷേത്രമുറ്റത്ത് ചെല്ലുമ്പോൾ ആദ്യം നമ്മൾ കാണുന്നത് നാലുതൂണുകളിൽ ഉയർന്നു നിൽക്കുന്ന ഒരു മണ്ഡപമാണ്. മണ്ഡപത്തിന്റെ അടിത്തറയ്ക്കുതന്നെ ഒരാൾപ്പൊക്കമുണ്ട്. അതേ ഉയരത്തിൽ മണ്ഡപത്തിനു പിന്നിലായി രണ്ടു നിലകളിലായി മുഖ്യക്ഷേത്രവും ക്ഷേത്രശ്രീകോവിലും അന്തസ്സോടെ നിലകൊള്ളുന്നു. വിസ്തൃതമായ ഈ അടിത്തറ ശില്പവേലകളാൽ സമൃദ്ധമാണ്. അതേ സമയം തന്നെ ക്ഷേത്രഗോപുരങ്ങളാവട്ടെ കൂർത്തതും, തമിഴ്നാട്ടിലെ ക്ഷേത്രഗോപുരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ശില്പരഹിതവുമാണ്. 

 ക്ഷേത്രശില്പങ്ങൾ





വൈകുന്നേരമാണെങ്കിലും ക്ഷേത്രത്തിൽ അസഹ്യമായ ജനത്തിരക്കൊന്നുമില്ല. ക്ഷേത്രച്ചുമരുകളിൽ പതിവുപോലെ ലക്ഷണമൊത്ത ശില്പകന്യകമാർ നൃത്തം ചെയ്യുകയും വാദ്യോപകരണങ്ങൾ വായിക്കുകയും ചെയ്യുന്നു. ദൈവങ്ങൾ അനുഗ്രഹം ചൊരിയുന്നു. ആനകൾ ധൃതിയിൽ നടക്കുന്നു. വ്യാളികൾ ഒറ്റക്കാലിൽ നിൽക്കുന്നു. തെക്കൻ ശില്പങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ സാലഭഞ്ജികകളുടെ മുഖഭാവങ്ങൾ പ്രകടമായും വ്യതസ്തമാണ്. ശരീരഭാഷയിലും അതേ തനിമ ഉണ്ടാവുമെന്നു വേണം കരുതാൻ. 

നേരം വൈകിക്കൊണ്ടിരുന്നു. ക്ഷേത്രത്തിനു മുന്നിൽ വീതികുറഞ്ഞ ഒരു തെരുവുണ്ട്. ഈ തെരുവിനിരുവശത്തും രാജസ്ഥാനി ഉല്പന്നങ്ങൾ വിൽക്കുന്ന കടകളാണ്. അല്പം വലിയ ഒരു കടയിലേയ്ക്ക് ഞങ്ങൾ കയറിച്ചെന്നു. കടയുടമസ്ഥൻ തെളിയെച്ചിരിച്ചുകൊണ്ട് ഞങ്ങളെ സ്വാഗതം ചെയ്തു. സരിത വിലപേശലിന്റെ ലോകത്തേയ്ക്ക് വേഗം എത്തിച്ചേർന്നു. അവിടെ ചിത്രങ്ങൾക്കു പുറമേ ചിത്രപ്പണി ചെയ്ത ബാഗുകളും വിരിപ്പുകളും ഞങ്ങളാവശ്യപ്പെടാതെത്തന്നെ വിൽപ്പനമേശയ്ക്ക് മുകളിലെത്തി. ഞാൻ നേരത്തെ തെരഞ്ഞെടുത്തതുപോലുള്ള,  നേർത്ത തുണിയിൽ വരച്ച ചിത്രങ്ങൾ ഇവിടെയും ധാരാളമായി കാണാം. വിലപേശലിനൊടുവിൽ ചിത്രപ്പണി ചെയ്ത മനോഹരമായ ബാഗുകളും തുണിയിൽ വരച്ച ഒരു ചിത്രവും ഞങ്ങൾ വാങ്ങിയ ശേഷം ധൃതിയിൽ ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേയ്ക്ക് ചെന്നു. അവിടെ ഞങ്ങളെക്കാത്ത് ന്യൂഡൽഹിയിലേയ്ക്കുള്ള രാത്രിവണ്ടി നിൽപ്പുണ്ടായിരുന്നു.