വിക്കിപീഡിയയിൽ കയറി അതുമിതും വാങ്ങാൻ ഇവിടെ കയറുക

Search results

Saturday, September 21, 2013

സർ, നേന്ത്രപ്പഴത്തിനെന്താണു വില ?


ഇക്കഴിഞ്ഞ ദിവസം ഞാൻ തൊട്ടടുത്ത പലചരക്ക് - പച്ചക്കറിക്കടയിൽ കയറി വീണ്ടും നേന്ത്രപ്പഴത്തിന്റെ വില അന്വേഷിച്ചു. തന്റെ നിർവികാരമായ മുഖഭാവത്തോടെ കടക്കാരൻ പറഞ്ഞു.

"അറുപത്തഞ്ച് രൂപ"

ഓണത്തിനു മുമ്പുതന്നെ അങ്ങാടിയിൽ നേന്ത്രപ്പഴത്തിന്റെ വില ഉയരാൻ തുടങ്ങിയിരുന്നു. നാല്പതും നാല്പത്തഞ്ചും നിലവാരത്തിലുണ്ടായിരുന്ന പഴം അൻപത്തഞ്ചും അറുപതും നിരക്കിലേയ്ക്ക് ഓണത്തിനു രണ്ടാഴ്ച മുമ്പുതന്നെ എത്തി. കൃഷിനാശവും ക്ഷാമവുമാണ് വില ഇങ്ങനെ കൂടാൻ കാരണമെന്നാണ് പലരും പറയുന്നത്. സത്യമതാണോ ?

കിലോയ്ക്ക് അറുപതുരൂപയ്ക്കും അറുപത്തഞ്ച് രൂപയ്ക്കും പഴം വിപണിയിൽ വിൽക്കുന്ന സമയത്ത് എന്റെ നാട്ടിലെ സഹകരണബാങ്കിന് നാല്പത്തഞ്ച് രൂപ നിരക്കിൽ പഴം വിൽക്കാൻ കഴിഞ്ഞു. ക്ഷാമമാണെങ്കിൽ ഇതെങ്ങനെ നടക്കുന്നു ?

തിരുവോണത്തിന്റെ അന്നത്തെ സ്ഥിതി നോക്കാം. കോഴിക്കോട് നേന്ത്രപ്പഴത്തിന് വില 45 രൂപ. കുറ്റിപ്പുറത്ത് 60 രൂപ. തൃശൂർ ഭാഗത്ത് പഴം കിട്ടാനില്ല. ഉള്ള ഇടങ്ങളിൽ ഒരു കിലോ പഴത്തിന്റെ വില 110 മുതൽ 130 വരെ രൂപ എത്തി. ഒരു ക്ഷാമത്തിനും 100-150 കിലോമീറ്റർ പരിധിയ്ക്കുള്ളിൽ ഇത്രയ്ക്കും വിലവ്യത്യാസം വരുത്താനാവില്ല. 

എന്നാൽ നിനക്ക് പഴം വാങ്ങാതിരുന്നാൽ പോരേ എന്ന് സ്വാഭാവികമായും ചോദ്യം വരാം. വാങ്ങാതിരിക്കാം. ഞാനും, ഞാൻ അന്വേഷിച്ച പല സുഹൃത്തുക്കളും ഈ വിലകയറ്റത്തോട് ഇങ്ങനെത്തന്നെയാണ് പ്രതികരിച്ചതും. എന്നാലും വില കുറയണമെന്നില്ല. കാരണം പണം നിസ്സങ്കോചം ചെലവഴിക്കാൻ തയ്യാറുള്ള ഒരു ന്യൂനപക്ഷം വിപണിയെ അതിന്റെ  താല്പര്യങ്ങൾക്കനുസരിച്ച് സജീവമാക്കി നിലനിർത്തുന്നുണ്ട്. അതിപ്പോൾ നേന്ത്രപ്പഴത്തിന്റെ കാര്യത്തിലായാലും മറ്റെന്തിന്റെ കാര്യത്തിലായാലും.

ഒരു കാര്യം വളരെ വ്യക്തമാണ്. അങ്ങാടികളെ കയറൂരി വിട്ടാൽ അവർ കൊള്ളലാഭത്തിന്റെ വഴിയേയാണു നീങ്ങുക. അവയ്ക്ക് മൂക്കുകയറിടാൻ വകതിരിവുള്ള ഒരു സർകാർ ആവശ്യമാണ്.  വ്യക്തികളുടെ അമിതലാഭക്കൊതിക്ക് ഉപഭോക്താക്കളെ വിട്ടുകൊടുക്കാതെ വിപണിയെ നിയന്ത്രിച്ചുനിർത്തുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഈ സർകാർ ബാധ്യസ്ഥരുമാണ്. സർകാരിനു പിന്തുണ നൽകാൻ, അമിതമായ വിലക്കയറ്റത്തെ ബഹിഷ്കരണം കൊണ്ട് നേരിടാൻ ഉപഭോക്താക്കൾക്കും ബാധ്യതയുണ്ട്.

അല്ലെങ്കിൽ അടുത്ത ഓണത്തിനും നമുക്ക് തൊട്ടടുത്ത ചില്ലറവില്പനക്കാരന്റെ മുന്നിൽ ചെന്ന് ചോദിക്കേണ്ടിവരും.

സർ, നേന്ത്രപ്പഴത്തിനെന്താണു വില ?


No comments:

Post a Comment