വിക്കിപീഡിയയിൽ കയറി അതുമിതും വാങ്ങാൻ ഇവിടെ കയറുക

Search results

Sunday, September 22, 2013

രജപുത്രവീഥികൾ


2013 തുടക്കത്തില്‍ വടക്കേ ഇന്ത്യയിലെ മധ്യപ്രദേശിലെയും ചില സ്ഥലങ്ങളില്‍ നടത്തിയ യാത്രയുടെ ഓര്‍മപുതുക്കല്‍. ആദ്യ മൂന്ന് ഭാഗങ്ങള്‍ വായിക്കാന്‍ താഴെക്കാണിച്ച ഇടങ്ങളില്‍ ചെല്ലുക.

1) വടക്കോട്ടൊരു യാത്ര 
2) കൊട്ടാരവും കോട്ടയും മറ്റു ചിലരും 
3) രാജസ്ഥാനിലെ ഒരു വെയിൽ നേരം 

മേവാര്‍ പ്രദേശങ്ങൾ ഭരിച്ചിരുന്ന രജപുത്രരാജാവായ മഹാറാണാ ഉദയ്‌സിങ് പതിനാറാം നൂറ്റാണ്ടിലെപ്പോഴോ തന്റെ ആസ്ഥാനം ചിത്തോഡില്‍ നിന്നും ദൂരെയുള്ള ഉദയ്‌‌പൂരിലേയ്ക്ക് മാറ്റുവാന്‍ നിശ്ചയിച്ചു. മുഗളനായ അക്‌ബര്‍ ചിത്തോഡിനെ ആക്രമിച്ചിരുന്ന കാലമായിരുന്നു അത്.  അങ്ങനെ മലനിരകളുടെയും തടാകങ്ങളുടെയും കാടുകളുടെയും സുരക്ഷിതത്വത്തിൽ  ഉദയ്‌‌പൂർ ശിശോധിയ രജപുത്രരുടെ ആസ്ഥാനമായി മാറി.  ഇന്ന് ഉദയ്‌‌പൂരിലെത്തുന്ന ഓരോ സഞ്ചാരിയേയും ആകര്‍ഷിക്കുന്ന സിറ്റി പാലസിന്റെ നിര്‍മാണം 1559 ല്‍ റാണാ ഉദയ്‌സിങ് തന്നെയാണ് തുടങ്ങിയത്. ഉദയ്‌‌സിങിനെ തുടര്‍ന്ന് റാണാപ്രതാപ് ഭരണാധികാരിയായി. പിന്നീട് മൂന്നു നൂറ്റാണ്ടോളം സിറ്റി പാലസില്‍ നീണ്ടുനിന്ന വിപുലീകരണത്തിന്റെ ഫലം മാര്‍ബിളിൽ തീര്‍ത്ത ബൃഹത്തായ മനോഹാരിതയായിരുന്നു.

DSC01967

തട്ടുതട്ടായി കിടക്കുന്ന ഒരു പ്രതലത്തില്‍ പലനിലകളായി പടുത്തുയര്‍ത്തിയ ഒരു മനോഹര സൗധം. ഈ യാത്രയിൽ ഞങ്ങള്‍ ചെന്ന മറ്റിടങ്ങളെ അപേക്ഷിച്ച് ഈ കൊട്ടാരത്തിലേയ്ക്കുള്ള പ്രവേശനഫീസും കൂടുതലായിരുന്നു. കൂടാതെ കൊട്ടാരത്തിന്റെ ഒരു ഭാഗം ആഡംബര ഹോട്ടലുകളാണുതാനും. അവിടേയ്ക്ക് കയറണമെങ്കില്‍ ഇരട്ടിക്കാശ് വേറെക്കൊടുക്കണം. കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് തന്നെ ഒരോട്ടപ്രദക്ഷിണം നടത്താൻ തികയുന്ന സമയമേ ഞങ്ങളുടെ കയ്യിലുണ്ടായിരുന്നുള്ളൂ.കൂടാതെ ഇനിയും പല സ്ഥലങ്ങളും കാണാനുമുണ്ട്. ഇപ്പോള്‍ത്തന്നെ ഉച്ചയാവാറായിരിക്കുന്നു. അതുകൊണ്ട് തന്നെ ആഡംബരട്ടിക്കറ്റുകള്‍ എടുക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഞായറാഴ്ചയായതിനാല്‍ കൊട്ടാരത്തിലേയ്ക്കുള്ള വിദേശികളും സ്വദേശികളുമായ സന്ദര്‍ശകരുടെ എണ്ണം കൂടുതലായിരുന്നു. പ്രധാനമായും സ്കൂൾ വിദ്യാര്‍ഥികളുടെ സംഘങ്ങൾ ഒന്നിനു പിറകെ ഒന്നായി അകത്തു കടന്നുകൊണ്ടിരുന്നു. അത്തരത്തിലുള്ള ഒരു സംഘത്തിന്റെ ഇടയിൽപെട്ടാൽ ഇന്നത്തെ കാഴ്ച കുളമെന്നുറപ്പുള്ളതിനാൽ അവരിൽ നിന്ന് സമര്‍ഥമായി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച് പരാജയപ്പെട്ടും അതിനോടൊപ്പം തന്നെ കൊട്ടാരമ്യൂസിയത്തിലെ കാഴ്ചകള്‍ ക്യാമറയിലാക്കിയും സന്ദര്‍ശകരായെത്തിയ സുരസുന്ദരിമാരുടെ ചലിക്കുന്ന മനോഹാരിത മനസ്സിൽ കുറിച്ചിട്ടും കൂട്ടുകാരോടൊപ്പം ധൃതികൂട്ടിയുമുള്ള ഒരു നടത്തമായിരുന്നു കൊട്ടാരസന്ദർശനം

പൂര്‍ണമായും  മാര്‍ബിളിൽ തീര്‍ത്തതാണ് ഈ കൊട്ടാരമെന്ന് തോന്നുന്നു. മട്ടുപ്പാവുകളും അലങ്കാരപ്പണികളും ഇടനാഴികളും ചുവര്‍ച്ചിത്രങ്ങളും ഈ കൊട്ടാരത്തെ മനോഹരമാക്കുന്നുണ്ട് . പക്ഷേ എന്നെ ഏറ്റവും ആകര്‍ഷിച്ചത്  കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നിന്നുമുള്ള നഗരക്കാഴ്ചകളാണ്. ഗ്വാളിയോര്‍ കോട്ടയുടെ മുകളില്‍ നില്‍ക്കുമ്പോൾ നഗരക്കാഴ്ചകള്‍ക്ക് ഭംഗി പകരാൻ ഒരു തടാകം കൂടി വേണ്ടതായിരുന്നെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇന്നിവിടെ ഉദയ്‌‌പൂരിലെ കൊട്ടാരമുകളിൽ  നിന്ന് നോക്കുമ്പോള്‍ തടാകങ്ങളുടെയും അവയുടെ നടുക്കു നില്‍ക്കുന്ന കൊട്ടാരങ്ങളുടെയും സൗന്ദര്യം ഞാൻ നേരിട്ടുകണ്ടു. പക്ഷേ എല്ലാ ഭംഗികളും എല്ലാവര്‍ക്കും ആസ്വദിക്കാൻ കഴിയില്ലല്ലൊ. ദൂരെക്കാണുന്ന മനോഹരമായ ലേക് പാലസ് ഇന്നൊരു ആഡംബര ഹോട്ടലാണ്. തടാകത്തിന്റെ നടുവിൽ വെണ്ണക്കല്ലുകൊണ്ട് ഒരുക്കിയ അത്തരം ഭംഗികള്‍ ദൂരെനിന്ന് കണ്ട് കൊതി തീര്‍ക്കുക മാത്രമേ ഞങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ.  അന്തപ്പുരത്തിലെ രാജകുമാരിമാർക്കും വെപ്പാട്ടിമാർക്കും വേണ്ടി ഭരണാധികാരികൾ മെനഞ്ഞെടുത്ത ഒരു ഉദ്യാനത്തിലേയ്ക്ക് പക്ഷേ ഞങ്ങൾ പിന്നീട് ചെന്നു. കൊട്ടാരത്തിൽ നിന്നുമകലെയുള്ള സഹേലിയോം കി ബാരി എന്ന കന്യകമാരുടെ ഉദ്യാനം പച്ചപ്പ് നിറഞ്ഞതും മനോഹരവുമാണ്.അവിടത്തെ പുറം ചുവരുകളിൽ നിറപ്പകിട്ടുള്ള ചിത്രങ്ങൾ കാണാം. കൈ കൊട്ടുന്നതിനനുസരിച്ച് ജലധാര നിയന്ത്രിച്ച് അവിടത്തെ കാവൽക്കാർ വിദേശയാത്രികരെ അമ്പരപ്പിക്കുന്നത് കണ്ടു.

 ഉദ്യാനത്തിലെ കുളവും മണ്ഡപവുംമാര്‍ബിളിൽ കൊത്തുപണികള്‍ ചെയ്ത് നിറം പിടിപ്പിച്ച ജനാലകളില്‍ കൂടി തണുത്ത കാറ്റ് കൊട്ടാരത്തിലേയ്ക്ക് എത്തുന്നു. സൂര്യവംശികളാണെന്ന് അവകാശപ്പെടുന്ന മേവാര്‍ രാജാക്കന്മാര്‍ തങ്ങളുടെ രാജചിഹ്നം കൊട്ടാരത്തിലെങ്ങും അടയാളപ്പെടുത്തിയിട്ടുണ്ട്. നിറം പിടിപ്പിച്ച കണ്ണാടികളും വെണ്ണക്കല്‍ ജാളികളും കാണാം. ഇടയ്ക്കൊരിടത്ത് മേവാർ രജപുത്രരുടെ പൂജാസ്ഥലം കണ്ടു. ഏതൊരിന്ത്യന്‍ ക്ഷേത്രത്തിലുമുള്ളതുപോലെ അവിടെയും മൂന്നു തളികകള്‍ നിറയെ ചില്ലറയും നോട്ടുകളും. പടികള്‍ കയറുയും പടികൾ ഇറങ്ങുകയും ഇടനാഴികള്‍ പിന്നിടുകയും തുടർന്നപ്പോൾ കൊട്ടാരത്തിന്റെ മുകള്‍ത്തട്ടിലെത്തി. അവിടെ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു നടുമുറ്റമാണ്.  കൊട്ടാരത്തിലെ ചില ഭാഗങ്ങൾ ചിത്രങ്ങൾ നിറഞ്ഞവയാണ്. 

കൊട്ടാരത്തിൽ എന്നെ വളരെയധികം ആകർഷിച്ച സംഗതികളിലൊന്ന് അവിടത്തെ കുതിരലായമായിരുന്നു. ആളുയരം വരുന്ന പടുകൂറ്റന്മാരായ നാലു കുതിരകളായിരുന്നു അവിടെയുണ്ടായിരുന്നത്. കഴുത്തിലും കാലിലും വടം കൊണ്ട് ബന്ധിക്കപ്പെട്ട അവയുടെ ലാടം പതിച്ച കുളമ്പുകൾ ലായത്തിന്റെ നിലത്ത് പതിക്കുന്ന ശബ്ദം പോലും അത്ര സുഖകരമായിരുന്നില്ല. പാവപ്പെട്ട വണ്ടിക്കുതിരകളെ മാത്രം കണ്ട് പരിചയമുള്ള എനിക്ക് ചേതകിന്റെയും ബ്യൂസിഫാലയുടെയും പിന്മുറക്കാരായ ഈ കുതിരകൾ തികച്ചും അത്ഭുതമായി. ചാർലിമേന്റെ അനുചരനായ റിനാൾഡോയുടെ സ്വന്തമായിരുന്ന ശക്തിശാലിയായ കുതിര ബേയാർഡും അർഗേലിയയെ ഫെറോ വധിച്ചപ്പോൾ സ്വതന്ത്രനായ, പിന്നീട് ആദ്യം റിനാൾഡോയും തുടർന്ന് അസ്റ്റോൾഫോയും സ്വന്തമാക്കിയ , ബേയാർഡിനോളം ശക്തിയില്ലെങ്കിലും ബേയാർഡിനേക്കാൾ വേഗമേറിയ കറുത്ത കുതിരയായ റാബിക്കനും ത്രിഗർത്തന്മാരെ വിരാടസൈന്യം നേരിടുമ്പോൾ നകുലൻ തെരഞ്ഞെടുത്ത വേഗമേറിയ, പേരില്ലാത്ത ഒട്ടനവധി കുതിരകളും എന്റെ ഓർമയിലെത്തി. സിറ്റി പാലസില്‍ നിന്ന് ഇറങ്ങുമ്പോള്‍ വിശന്നുപൊരിയാൻ തുടങ്ങിയിരുന്നു പ്രശസ്തമായ രാജസ്ഥാനി ഥാലി കഴിക്കാൻ വേണ്ടി ഞങ്ങൾ ഭേദപ്പെട്ട ഒരു റസ്റ്റോറന്റില്‍ കയറിക്കൂടി. ഒരാള്‍ക്ക് ഒരു ഥാലി എന്ന് മത്തങ്ങാ വലുപ്പത്തിൽ അവിടെ എഴുതി വച്ചിട്ടുണ്ട്. പത്തുപന്ത്രണ്ട് തരം കറികളും മധുരവും തൈരും ചപ്പാത്തിയും ചോറുമടങ്ങുന്ന ഒരു പ്ലേറ്റിന് നൂറു രൂപയാണ് വില. കുട്ടികള്‍ക്ക് വേണ്ടിയാണെങ്കില്‍ എണ്‍പത് രൂപയും. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴും ഒന്നുരണ്ട് രാജസ്ഥാനി ചിത്രങ്ങള്‍ വാങ്ങണമെന്നുള്ള ചിന്ത എന്റെ മനസ്സിലുണ്ടായിരുന്നു. കഴിഞ്ഞ ജയ്‌‌പൂർ  യാത്രയ്ക്കിടയില്‍ വിനോദും സരിതയും തെരുവുവില്‍പ്പനക്കാരിൽ നിന്നും ചിത്രങ്ങള്‍ വാങ്ങിയത് പെട്ടെന്ന് ഓർത്തതാവാം കാരണം. അത്തരത്തിലുള്ള ഒരു കടയുടെ മുന്നിൽ വണ്ടി നിര്‍ത്താൻ ഞങ്ങള്‍ ഡ്രൈവറോട് പറഞ്ഞു. പക്ഷേ അയാള്‍ നിര്‍ത്തിത്തന്നത് വലിയൊരു രാജസ്ഥാനി ക്രാഫ്റ്റ് മ്യൂസിയത്തിന്റെയും വില്‍പനശാലയുടെയും മുന്നിലാണ്.

ഒരുപാട് ചിത്രങ്ങളും കരകൗശലവസ്തുക്കളും വസ്ത്രങ്ങളും വില്‍ക്കുന്ന ഒരിടമായിരുന്നു അത്. വിലയേറിയ ചിത്രങ്ങള്‍ ധാരാളമുണ്ട്. ഞാന്‍ ചിത്രങ്ങളുടെ പിന്നാലെ പോയപ്പോള്‍ മറ്റു മൂവരും നിറപ്പകിട്ടുള്ള തുണിത്തരങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ചു. കുട്ടി അവിടവിടെയായി ഓടി നടക്കുകയായിരുന്നു. ഏതെങ്കിലും വിലപിടിച്ച സ്ഥടികശില്‍പം ഓട്ടത്തിനിടയിൽ അവന്‍ തവിടുപൊടിയാക്കിയേക്കുമെന്ന് എനിക്ക് തോന്നി. സദാ പാന്‍മസാല ചവയ്ക്കുന്ന,  ബ്യൂറോക്രാറ്റിക് മുഖഭാവമുള്ള, മധ്യവയസ്കനായ  സെയില്‍സ് മാന്‍ നോ ബാര്‍ഗെയിന്‍, ഫിക്സഡ് പ്രൈസ് എന്ന് ആദ്യമേ പറഞ്ഞിരുന്നു. വിലപേശല്‍ വൈഭവം ഇവിടെ എടുക്കാത്ത ഒരു നാണയമാണ്. മനോഹരമായ പല വാട്ടര്‍ കളറുകളും ഞാനവിടെ കണ്ടു. പക്ഷേ കട്ടിക്കടലാസിൽ ചെയ്തിരിക്കുന്ന അവ എന്റെ പോക്കറ്റിനോ തുടര്‍ന്നുള്ള യാത്രയ്ക്കോ അനുയോജ്യമല്ല. ഒടുവില്‍ നീല നിറമുള്ള നേര്‍ത്ത തുണിത്തരത്തിൽ ഒട്ടകം, ആന, കുതിര എന്നിവയ്ക്കൊപ്പം സവാരി ചെയ്യുന്ന പുരുഷന്മാരുടെ ഒരു ചിത്രം ഞാന്‍ തെരഞ്ഞെടുത്തു.

എലിഫന്റ് ഫോര്‍ ലക്ക്, കേമല്‍ ഫോർ ലവ്, ഹോഴ്സ് ഫോർ പവർ 

പാന്‍മണക്കുന്ന ശബ്ദത്തില്‍ വില്‍പനക്കാരന്‍ പഠിച്ചുപഴകിയ ഏതൊക്കെയോ വാക്കുകള്‍ ചിതറിച്ചുകൊണ്ടിരുന്നു. മണ്ണാങ്കട്ട. ലക്കും ലവും. എനിക്കാവശ്യം സിംബോളിസമല്ല, ഭംഗിയുള്ള ഒരു ചിത്രം മാത്രമാണ് എന്ന് അയാളോട് പറയണമെന്ന് തോന്നി.

തെരുവുവില്‍പനക്കാരില്‍ നിന്ന് വിലപേശി ഒരു ചിത്രം വാങ്ങണമെന്ന ആഗ്രഹം പിന്നെയും ബാക്കിയായിരുന്നു. അവസാനം അത് സാധ്യമായത് ജഗദീഷ് ടെമ്പിളില്‍ നിന്നും തിരികെ വരുന്ന വഴിയ്ക്കാണ്. നഗരത്തില്‍ തന്നെയുള്ള ഒരു ലക്ഷ്മീനാരായണ ക്ഷേത്രമായിരുന്നു 1651 ല്‍ ഇന്തോ ആര്യൻ വാസ്തുശില്‍പരീതിയില്‍ നിര്‍മിച്ച ജഗദീഷ് ടെമ്പിൾ. മണ്ഡപങ്ങള്‍ കൊണ്ടും ചുവരിലെ ശില്‍പഭംഗി കൊണ്ടും അഴകുറ്റ ഒരു ക്ഷേത്രം. ക്ഷേത്രച്ചുമരുകളില്‍ ഒരുപാട് അമ്പലപ്രാവുകള്‍ തമ്പടിച്ചിരിക്കുന്നു. റോഡരികിൽ നിന്നും തുടങ്ങുന്ന ഉയർന്ന പടവുകൾ കയറിയെത്തുന്ന ക്ഷേത്രമുറ്റത്ത് ചെരിപ്പുകളഴിച്ചിട്ട് ആശയും സരിതയും അമ്പലത്തിലേയ്ക്ക് കയറി. ഗ്വാളിയറിലെ മേളസ്ഥലത്ത് നിന്ന് ആദായവിലയ്ക്ക് പേശിവാങ്ങിച്ച പുതിയ ഷൂസുകൾ അനാഥമാക്കി ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. അവർ തൊഴുതുവരുന്നതു വരെ ഞാനും മോനും ക്ഷേത്രച്ചുമരുകളിലെ ശില്‍പങ്ങള്‍ നോക്കിക്കൊണ്ടിരുന്നു. 

കൂർത്ത മേൽക്കൂരയുള്ള ഒരു ഉപദേവാലയം 

ഇരുനിലകളിലായുള്ള പ്രധാനക്ഷേത്രം

 പ്രധാനക്ഷേത്രവും മണ്ഡപവും

ക്ഷേത്രമുറ്റത്ത് ചെല്ലുമ്പോൾ ആദ്യം നമ്മൾ കാണുന്നത് നാലുതൂണുകളിൽ ഉയർന്നു നിൽക്കുന്ന ഒരു മണ്ഡപമാണ്. മണ്ഡപത്തിന്റെ അടിത്തറയ്ക്കുതന്നെ ഒരാൾപ്പൊക്കമുണ്ട്. അതേ ഉയരത്തിൽ മണ്ഡപത്തിനു പിന്നിലായി രണ്ടു നിലകളിലായി മുഖ്യക്ഷേത്രവും ക്ഷേത്രശ്രീകോവിലും അന്തസ്സോടെ നിലകൊള്ളുന്നു. വിസ്തൃതമായ ഈ അടിത്തറ ശില്പവേലകളാൽ സമൃദ്ധമാണ്. അതേ സമയം തന്നെ ക്ഷേത്രഗോപുരങ്ങളാവട്ടെ കൂർത്തതും, തമിഴ്നാട്ടിലെ ക്ഷേത്രഗോപുരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ശില്പരഹിതവുമാണ്. 

 ക്ഷേത്രശില്പങ്ങൾ

വൈകുന്നേരമാണെങ്കിലും ക്ഷേത്രത്തിൽ അസഹ്യമായ ജനത്തിരക്കൊന്നുമില്ല. ക്ഷേത്രച്ചുമരുകളിൽ പതിവുപോലെ ലക്ഷണമൊത്ത ശില്പകന്യകമാർ നൃത്തം ചെയ്യുകയും വാദ്യോപകരണങ്ങൾ വായിക്കുകയും ചെയ്യുന്നു. ദൈവങ്ങൾ അനുഗ്രഹം ചൊരിയുന്നു. ആനകൾ ധൃതിയിൽ നടക്കുന്നു. വ്യാളികൾ ഒറ്റക്കാലിൽ നിൽക്കുന്നു. തെക്കൻ ശില്പങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ സാലഭഞ്ജികകളുടെ മുഖഭാവങ്ങൾ പ്രകടമായും വ്യതസ്തമാണ്. ശരീരഭാഷയിലും അതേ തനിമ ഉണ്ടാവുമെന്നു വേണം കരുതാൻ. 

നേരം വൈകിക്കൊണ്ടിരുന്നു. ക്ഷേത്രത്തിനു മുന്നിൽ വീതികുറഞ്ഞ ഒരു തെരുവുണ്ട്. ഈ തെരുവിനിരുവശത്തും രാജസ്ഥാനി ഉല്പന്നങ്ങൾ വിൽക്കുന്ന കടകളാണ്. അല്പം വലിയ ഒരു കടയിലേയ്ക്ക് ഞങ്ങൾ കയറിച്ചെന്നു. കടയുടമസ്ഥൻ തെളിയെച്ചിരിച്ചുകൊണ്ട് ഞങ്ങളെ സ്വാഗതം ചെയ്തു. സരിത വിലപേശലിന്റെ ലോകത്തേയ്ക്ക് വേഗം എത്തിച്ചേർന്നു. അവിടെ ചിത്രങ്ങൾക്കു പുറമേ ചിത്രപ്പണി ചെയ്ത ബാഗുകളും വിരിപ്പുകളും ഞങ്ങളാവശ്യപ്പെടാതെത്തന്നെ വിൽപ്പനമേശയ്ക്ക് മുകളിലെത്തി. ഞാൻ നേരത്തെ തെരഞ്ഞെടുത്തതുപോലുള്ള,  നേർത്ത തുണിയിൽ വരച്ച ചിത്രങ്ങൾ ഇവിടെയും ധാരാളമായി കാണാം. വിലപേശലിനൊടുവിൽ ചിത്രപ്പണി ചെയ്ത മനോഹരമായ ബാഗുകളും തുണിയിൽ വരച്ച ഒരു ചിത്രവും ഞങ്ങൾ വാങ്ങിയ ശേഷം ധൃതിയിൽ ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേയ്ക്ക് ചെന്നു. അവിടെ ഞങ്ങളെക്കാത്ത് ന്യൂഡൽഹിയിലേയ്ക്കുള്ള രാത്രിവണ്ടി നിൽപ്പുണ്ടായിരുന്നു.