വിക്കിപീഡിയയിൽ കയറി അതുമിതും വാങ്ങാൻ ഇവിടെ കയറുക

Search results

Sunday, September 14, 2014

കരിമ്പുലികൾ ഉണ്ടായ കഥഒരു കാലത്ത് പുള്ളിപ്പുലിയും കുറുക്കനും വലിയ കൂട്ടുകാരായിരുന്നു. എന്നും വേട്ടയാടാൻ ഒന്നിച്ചാണവർ പോവുക. വലിയ മാനുകളെയും കാട്ടുപന്നികളെയുമൊക്കെ കണ്ടാൽ കുറുക്കൻ സൂത്രത്തിലവരുടെ മുന്നിലെത്തി പേടിപ്പിക്കും. കുറുക്കനെ ശ്രദ്ധിച്ചുനിൽക്കുന്ന മൃഗങ്ങളെ പുള്ളിപ്പുലി എളുപ്പത്തിൽ കൊല്ലുകയും ചെയ്യും. എന്നിട്ട്  ഇറച്ചി രണ്ടുപേരും കൂടി പങ്കിട്ടെടുക്കും

കാടിന്റെ തൊട്ടടുത്ത് അന്നത്തെ മനുഷ്യന്മാരും താമസിച്ചിരുന്നു. മൃഗങ്ങളെ അകറ്റാൻ അവർ തീകൂട്ടുകയാണ് ചെയ്യുക. വേട്ടയാടിക്കിട്ടുന്ന ഇറച്ചി അവർ തീയിൽ ചുട്ടെടുത്ത് തിന്നുകയും ചെയ്യും.  സൂത്രക്കാരനായ കുറുക്കൻ ഈ കാഴ്ച പലപ്പൊഴും ഒളിച്ചു നിന്ന് കണ്ടു. അവനൊടുക്കം ചുട്ടെടുത്ത ഇറച്ചിയുടെ രുചിയറിയാതെ കിടക്കപ്പൊറുതിയില്ലെന്നായി. 

കുറുക്കൻ ഒരിക്കൽ പുള്ളിപ്പുലിയോട് പറഞ്ഞു. 

ചങ്ങാതീ, നമ്മളീ പച്ചയിറച്ചി തിന്ന് ജീവിതം നശിപ്പിക്കുന്നു. മനുഷ്യന്മാർ തീയിൽ ചുട്ടെടുത്ത ഇറച്ചിയാണ് തിന്നുന്നത്. എന്തൊരു സ്വാദാണെന്നോ അതിന്. 

അതിനിപ്പൊ നമുക്കെന്ത് ചെയ്യാൻ പറ്റും ? പുലി ചോദിച്ചു. 

മഴക്കാലമായതുകൊണ്ട് വീടിനു പുറത്തെ അടുക്കളയിൽ വെച്ചാണ് അവരിപ്പോൾ ഇറച്ചി ചുട്ടെടുക്കുന്നത്. അവിടെ നിന്ന് നീയത് മോഷ്ടിച്ചെടുക്കണം. ഞാൻ പുറത്ത് കാവൽ നിൽക്കാം. 

അങ്ങനെ കുറുക്കനും പുലിയും കൂടി നായാട്ടുകാരന്റെ വീടിന്റെ പിൻഭാഗത്തെത്തി. കുറുക്കനാദ്യം അടുക്കളയുടെ അടുത്തെത്തി. വലിയൊരു  കാട്ടാടിനെയാണ് അന്ന് കിട്ടിയിരിക്കുന്നത്. കനലിൽ വേവുന്ന ഇറച്ചി കണ്ട് കുറുക്കന് കൊതി സഹിക്കാനായില്ല. പെട്ടെന്ന് എന്തോ ആവശ്യത്തിനായി നായാട്ടുകാരി വീട്ടിനകത്തേയ്ക്ക് പോയി. ഈ തക്കം നോക്കി കുറുക്കൻ പുലിയെ വിളിച്ചു. 

പുലി ഒന്നുമാലോചിക്കാതെ അടുക്കളയിലേയ്ക്ക് കയറി. പക്ഷേ ചൂടും പുകയും കാരണം അവന് തീക്കുണ്ഡത്തിൽ നിന്നും ഇറച്ചി മോഷ്ടിക്കാനായില്ല. ഇതിനിടയിൽ നായാട്ടുകാരൻ മടങ്ങിവരുന്നത് കണ്ട കുറുക്കൻ പുലിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ പൊന്തയിലൊളിച്ചു. അടുക്കളയിൽ ഒരു പുള്ളിപ്പുലിയെ കണ്ട് ഭയന്ന മനുഷ്യൻ പെട്ടെന്ന് വാതിൽ പുറത്തു നിന്ന് കെട്ടി.

വല്ലാത്തൊരു കെണിയിലാണ് താൻ പെട്ടതെന്ന് പുലിക്ക് മനസ്സിലായി. അകത്ത് വല്ലാത്ത ചൂടും പുകയും. പുറത്ത് കടക്കാനേ വയ്യ. കടന്നാൽ തന്നെ ഒരുപാടു മനുഷ്യരെ നേരിടേണ്ടി വരും. തടി തപ്പുകയാണ് നല്ലതെന്ന് പുലിക്ക് മനസ്സിലായി. ഒരുപാട് മെനക്കെട്ടതിനു ശേഷം മേൽകൂര പൊളിച്ച് അത് കാട്ടിലേയ്ക്ക് രക്ഷപ്പെട്ടു. 

പക്ഷേ തീച്ചൂടിലും പുകയിലും പെട്ട പുലി അപ്പോഴേയ്ക്ക് കറുകറുമ്പനായി മാറിയിരുന്നു. അങ്ങനെയാണ് ആദ്യമായി ലോകത്ത് കരിമ്പുലികൾ ഉണ്ടായത്. തന്നെ വഞ്ചിച്ച കുറുക്കനെ കരിമ്പുലിയോ മറ്റ് പുള്ളിപ്പുലികളോ പിന്നീടൊരിക്കലും വിശ്വസിച്ചില്ല. ഒരിക്കലും കുറുക്കനുമൊത്ത് അത് ഇര തേടാൻ പോയിട്ടുമില്ല. സൂത്രക്കാരൻ കുറുക്കൻ തട്ടിയെടുക്കാതിരിക്കാൻ പുലിയെപ്പോഴും മരത്തിലാണ് തന്റെ ഭക്ഷണം സൂക്ഷിക്കുന്നത്.  

പുലികളുടെ മുന്നിൽ പെടാതിരിക്കാൻ ഒളിച്ചുനടക്കുന്ന കുറുക്കനോ,  അവനൊരിക്കലും പിന്നീട് വലിയ മൃഗങ്ങളെ വേട്ടയാടാൻ കഴിഞ്ഞിട്ടില്ല. മറ്റ് മൃഗങ്ങൾ തിന്നതിന്റെ എച്ചിൽ തിന്നാണ് പലപ്പോഴുമവൻ കഴിയുന്നത്.  
No comments:

Post a Comment